കൊട്ടിയൂർ - ഗുരുവായൂർ അമ്പലത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങൾ ഇളക്കി അടർത്തിയെടുത്ത് വിദേശത്തേക്ക് കടത്തുന്നു ആരോപണവുമായി ആർഎസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വത്സൻ തില്ലങ്കേരി രംഗത്ത്. ശബരിമലയിലെ തങ്കപ്പാളി ചെമ്പാക്കി മാറ്റിയ ദേവസ്വത്തിൻ്റെ അത്ഭുത പ്രവർത്തനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംഘടിപ്പിച്ച നാമജപ പ്രയാണത്തിൻ്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ ആണ് വത്സൻ തില്ലങ്കേരിയുടെ ഈ ആരോപണം. ദേവസ്വങ്ങളെ ഇടതുതൊഴിലാളി സംഘടനകൾ വിഴുങ്ങിയ സാഹചര്യത്തിൽ ഈ ആരോപണം പ്രത്യേക ശ്രദ്ധയാകർഷിക്കുകയാണ്. ക്ഷേത്രങ്ങളെ ആർഎസ്എസ് ഓഫീസാക്കലാണ് ബിജെപി ലക്ഷ്യമെന്നത് ജനത്തിന് അറിയാമെങ്കിലും അതിനിടയിലാണ് കേരളത്തിലെ വലിയ ദേവസ്വങ്ങളിൽ ഒന്നായ ഗുരുവായുരിനെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത്. പ്രകൃതിദത്തമായ വർണങ്ങൾ ഉപയോഗിച്ചു വരച്ച ഗുരുവായൂർ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർ ചിത്രങ്ങൾ ഇളക്കിയെടുത്ത് വിദേശത്ത് വിൽക്കുകയും പകരം പുതിയ പെയ്ൻ്റ് ഉപയോഗിച്ച് ചിത്രം വരച്ചു വയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഹിന്ദു ഐക്യവേദി സംസ്‌ഥാന വർക്കിങ് പ്രസിഡൻ്റായ വത്സൻ തില്ലങ്കേരി ആരോപിച്ചത്. അതിന് പുറമേ ശബരിമലയിലെ മാഫിയകളെ പറ്റിയും വത്സൻ പറയുന്നു. ചില പോറ്റിമാർ ശബരി മലയിൽ ദൂഷിത വലയം തീർത്തിരിക്കുകയാണ് അതിപാവനമായ പടി പൂജ വരെ മൊത്തമായി ബുക്ക് ചെയ്ത‌് വിൽക്കുകയാണ്. ഉദയാസ്‌തമയ പൂജ മുതൽ എല്ലാ പൂജകളും മുൻകൂട്ടി ബുക്ക് ചെയ്‌ത് വിൽപന നടത്തുകയാണ് ചെയ്യുന്നത്. ദല്ലാൾമാരെ വച്ചാണ് ഈ ഇടപാടുകൾ നടത്തുന്നത്. ഒരു ലക്ഷം രൂപ ചെലവ് വരുന്ന പൂജകൾ മുൻകൂട്ടി ദീർഘകാലത്തേക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് വയ്ക്കുന്ന മാഫിയകൾ അവ പുറത്ത് 10 ലക്ഷത്തിന് വരെ വിറ്റ് ലാഭമുണ്ടാക്കുകയാണ്. ഗസ്റ്റ് ഹൗസ് റൂമുകൾ വരെ ഇങ്ങനെ വിറ്റ് കോടികൾ സമ്പാദിക്കുന്ന മാഫിയകളാണ് ശബരിമലയിലുള്ളതെന്ന് വത്സൻ പറയുന്നത് തള്ളിക്കളയാനാകില്ല. കൊട്ടിയൂരിലെ സമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് എം.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക പ്രഭാഷണ സമിതി സംസ്‌ഥാന ജനറൽ സെക്രട്ടറി പി.എസ്.മോഹനൻ അധ്യക്ഷനായിരുന്നു. നാമജപ പ്രയാണം ശ്രീനാരായണ ഗുരുദേവ ക്ഷേത്രം ശാന്തി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം വൈസ് പ്രസിഡൻ്റ് പി.ആർ.ലാലു, ജനറൽ കൺവീനർ എൻ.എസ്.രാജേഷ്, സംഘാടക സമിതി പ്രസിഡൻ്റ് എസ്.സി.രവീന്ദ്രൻ പ്രസംഗിച്ചു.
Valsan Thillankeri is said to be smuggling the murals of Guruvayuram Temple in a tampered manner! Is it true? Or not?




















